1. ലിംഗത്തിനു വലിപ്പക്കുറവുള്ള പുരുഷന്മാര്ക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനാവില്ല. (ഉത്തരം: തെറ്റ്. ചെറിയൊരു വിരല്‍ അകത്തുകടത്തുമ്പോള്‍പ്പോലും ടൈറ്റായിത്തന്നെയിരിക്കുന്ന വിധമാണ് യോനിയുടെ നിര്‍മിതി. പുരുഷലിംഗത്തിന്റെ സാന്നിദ്ധ്യം സ്ത്രീക്ക് അനുഭവവേദ്യമാക്കുന്ന നാഡികള്‍ ഭൂരിഭാഗവും നിലകൊള്ളുന്നത് യോനീകവാടത്തില്‍ത്തന്നെയാണു താനും. അതുകൊണ്ടുതന്നെ നീളക്കൂടുതലുള്ള ലിംഗത്തിന് കൂടുതലാഴത്തില്‍ച്ചെന്ന് യോനിക്ക് അത്യുത്തേജനം പകരാനാവുമെന്ന അനുമാനം അടിസ്ഥാനരഹിതമാണ്.)
2. പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ ആണ്‍കുട്ടികളുടെ ലിംഗം പിന്നെ വളരില്ല. (ഉത്തരം: ശരി. പ്രായപൂര്‍ത്തിയെത്തുന്നതോടെ മറ്റവയവങ്ങളുടേതു പോലെ ലിംഗത്തിന്റെയും വളര്‍ച്ച പൂര്‍ണമാകുന്നുണ്ട്. ഇത് പതിമൂന്നു മുതല്‍ പതിനെട്ടു വരെ വയസ്സിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.)

3. മുഴുവന്‍ ജീവിതകാലത്തേക്കും വേണ്ടത്ര അണ്ഡങ്ങൾ ജനനസമയത്തു തന്നെ പെണ്‍കുഞ്ഞുങ്ങളുടെയുള്ളില്‍ രൂപപ്പെട്ടിരിക്കും. (ഉത്തരം: ശരി. ഇരുപതു ലക്ഷത്തോളം — ഏകദേശം നാല്പത് ചെറുപട്ടണങ്ങളിലെ ജനാവലികള്‍ക്കു ജന്മംനല്കാന് വേണ്ടത്ര — അണ്ഡങ്ങളുമായാണ് ഓരോ പെണ്‍കുട്ടിയും ജനിക്കുന്നത്. എന്നാല്‍ മറുവശത്ത് പുരുഷന്മാര് ജീവിതകാലത്തുടനീളം പുതുതായി ബീജാണുക്കളെ ഉത്പാദിപ്പിക്കുന്നുണ്ട്.)
4. സംഭോഗത്തിലേർപ്പെട്ട ഒരു സ്ത്രീക്ക് മാസമുറയുണ്ടായിക്കണ്ടാല്‍ അവര്‍ ഗര്‍ഭിണിയായിട്ടില്ല എന്നുറപ്പിക്കാം. (ഉത്തരം: തെറ്റ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത് ശരിയാവാമെങ്കിലും എപ്പോഴും അങ്ങനെയല്ല. ചില സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനു ശേഷവും ക്രമം തെറ്റിയ, ലഘുവായ രക്തസ്രാവം കാണപ്പെട്ടേക്കാം.)

5. സ്ഖലനത്തിനു തൊട്ടുമുൻപ് പുരുഷലിംഗത്തില്‍ നിന്നു സ്രവിക്കപ്പെടുന്ന നിറമില്ലാത്ത ദ്രാവകം യോനിയില്‍ വീണതുകൊണ്ടു ഗർഭമുണ്ടാവില്ല. (ഉത്തരം: തെറ്റ്. അതില്‍ ചിലപ്പോള്‍ പുരുഷബീജാണുക്കള്‍ ഉണ്ടാവാം.)
6. പങ്കാളിയെ ഗര്‍ഭിണിയാക്കണമെന്നാഗ്രഹമുള്ള കാലങ്ങളില്‍ പുരുഷന്മാര് സ്വയംഭോഗം ഒഴിവാക്കുന്നതാണു നല്ലത്. (ഉത്തരം: ശരി. തുടര്‍ച്ചയായ സ്വയംഭോഗം ബീജാണുക്കളുടെയെണ്ണത്തില്‍ ചെറിയ കുറവിനു നിമിത്തമാവുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതക്കു മങ്ങലേല്‍ക്കുകയും ചെയ്യാം.)
7. മാസമുറ സമയത്തെ സംഭോഗം ഗര്‍ഭത്തിനിടയാക്കില്ല. (ഉത്തരം: തെറ്റ്. ഗര്‍ഭധാരണസാദ്ധ്യത ഏറ്റവും കുറവുള്ള സമയമാണ് ആര്‍ത്തവവേള എന്നതു ശരിയാണ്. എന്നാല്‍ ആ നേരത്തും ഗര്‍ഭമുണ്ടാവാന്‍ ഏകദേശം രണ്ടു ശതമാനത്തോളം സാദ്ധ്യത ബാക്കിനില്‍ക്കുന്നുണ്ട്.)
8. സംഭോഗങ്ങളില്‍ ഏര്‍പ്പെടുന്നത് ആയുസ്സു കൂട്ടും. (ഉത്തരം: ശരി. ആരോഗ്യദായകങ്ങളായ പല ഹോര്‍മോണുകളും രതിവേളകളില്‍ സ്രവിക്കപ്പെടുന്നുണ്ട്. ഹൃദ്രോഗം, കാന്‍സര്‍, മാനസികസമ്മര്‍ദ്ദം തുടങ്ങിയവക്കെതിരെ വേഴ്ചകള്‍ നല്ലൊരു പ്രതിരോധവുമാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യത്തോളംവെച്ചു ബന്ധപ്പെടുന്നവര്‍ക്ക് ശരാശരി മൂന്നുവര്‍ഷത്തെ അധികായുസ്സു ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.)
9. സംഭോഗസമയത്ത് ചില പ്രത്യേക പൊസിഷനുകള്‍ അവലംബിക്കുക വഴി ഗര്‍ഭസാദ്ധ്യത കുറക്കാം. (ഉത്തരം: തെറ്റ്)
10. ഒരേ കോണ്ടം ഒന്നിലധികം തവണ ഉപയോഗിക്കാം. (ഉത്തരം: തെറ്റ്)
11. കോണ്ടം ധരിക്കുമ്പോള്‍ കൈ അതിന്റെ തുമ്പത്തു തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഉത്തരം: തെറ്റ്. കോണ്ടം ധരിക്കുമ്പോള്‍ അതിന്റെ അഗ്രഭാഗത്തു ഞെക്കി ഉള്ളിലെ വായു പുറത്തുകളയേണ്ടതുണ്ട്. അല്ലാത്തപക്ഷം ശുക്ലം വന്നുതിങ്ങുമ്പോള്‍ കോണ്ടം പൊട്ടിപ്പോയേക്കാം.)
12. കൂടുതല്‍ സുരക്ഷിതത്വം വേണമെന്നുള്ളപ്പോള്‍ രണ്ടു കോണ്ടങ്ങള്‍ ഒരുമിച്ചു ധരിക്കുന്നതു നല്ലതാണ്. (ഉത്തരം: തെറ്റ്. വേഴ്ചാനേരത്ത് അവ അന്യോന്യമുരസി പൊട്ടിപ്പോവാന്‍ ഏറെ സാദ്ധ്യതയുണ്ട്.)
13. സംഭോഗശേഷം വെള്ളം ചീറ്റിയോ മറ്റോ യോനി നന്നായിക്കഴുകുന്നത് ഗര്‍ഭസാദ്ധ്യത കുറക്കും. (ഉത്തരം: തെറ്റ്. വേഴ്ച തീര്‍ന്നയുടന്‍ ഇങ്ങിനെ ചെയ്യുന്നത് ശുക്ലത്തെയും ബീജാണുക്കളെയും കൂടുതലകത്തേക്കു തള്ളിവിടുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത ഏറ്റുകയും പോലും ചെയ്യാം.)
14. ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ ലൈംഗികതൃഷ്ണ കുറയാം. (ഉത്തരം: ശരി. ചിലരില്‍ ഇങ്ങിനെ സംഭവിക്കാം)
15. എയിഡ്സ് ചുംബനത്തിലൂടെ പകരില്ല. (ഉത്തരം: ശരി. ഉമിനീരില്‍ എയിഡ്സ് വൈറസ് കാണപ്പെട്ടേക്കാം — എന്നാല്‍ മറ്റൊരാളിലേക്കു രോഗം പടര്‍ത്താന്‍ വേണ്ടതിലും എത്രയോ കുറഞ്ഞ അളവില്‍ മാത്രം.)


