തൃപ്പൂണിത്തുറ: വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞു വീണ് യുവാവ് മരിച്ചു. തമ്മനം സ്വദേശി സിജോ (34)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൃപ്പൂണിത്തുറയിലാണ് സംഭവം. ലായം റോഡ് കിഴക്കേ നടയിലുള്ള ഹരീഷിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
സിജോയാണ് വീട് പൊളിക്കുന്നതിനുള്ള കോണ്‍ട്രാക്ട് എടുത്തത്. കഴിഞ്ഞ കുറച്ചു ദിവസമായി സിജോ ഇവിടെ ജോലി ചെയ്തിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇന്ന് സിജോ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. ഒരു മണിയോടെ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. തിരിച്ചു വന്ന ശേഷമാകും സംഭവമുണ്ടായതെന്ന് സമീപവാസികള്‍ വ്യക്തമാക്കി. അപകട വിവരം ആരുമറിഞ്ഞിരുന്നില്ലെന്നും വീട്ടില്‍ നിന്ന് മരം കൊണ്ടു പോകാന്‍ വന്ന ആളാണ് സിജോ കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയുമെത്തി കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടിച്ചാണ് സിജോയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


