അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് യുനിസെഫ് പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ശിശുമരണ നിരക്ക് കുറയ്ക്കാൻ ആരോഗ്യവകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും ചേർന്ന് ശക്തമായ നടപടിയെടുക്കും. അട്ടപ്പാടിയിൽ സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിൽ ശിശു മരണം 14 ആയ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രി സന്ദർശനം നടത്തിയത്. യുനിസെഫിന്റെ സംഘം ജനുവരി അവസാനം അട്ടപ്പാടിയിലെത്തുമെന്നും ഡി.എം.ഒ എല്ലാ മാസവും സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗങ്ങൾ ചേരും. വനിതാശിശുക്ഷേമ വകുപ്പിന്റെ കമ്യൂണിറ്റി കിച്ചൺ കൂടുതൽ കാര്യക്ഷമമാക്കും. മന്ത്രി നടത്തിയ അവലോകന യോഗത്തിൽ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ച് ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശൻ പ്രതിഷേധിച്ചു.


