ചമ്രവട്ടം: ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മടങ്ങിയയാള്‍ അതേ സംഘത്തിലെ സുഹൃത്ത് ഓടിച്ച കാര്‍ ഇടിച്ചുമരിച്ചു.
ചമ്രവട്ടം തിരുത്തുമ്മല്‍ വളപ്പില്‍ ഉണ്യാലന്റെ മകന് മണികണ്ഠന് (47) ആണ് മരിച്ചത്. കോണ്‍ക്രീറ്റ് പണിക്കാരനാണ്. ചമ്രവട്ടം പെരിന്തല്ലൂര്‍ ആനയൊഴുക്കുപാലം-കാവഞ്ചേരി റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മണികണ്ഠന് വീട്ടിലേക്ക് നടന്നുപോകുമ്ബോള്‍ ഒപ്പം മദ്യപിച്ച സുഹൃത്തായ താജുദ്ദീന് ഓടിച്ച കാര്‍ മണികണ്ഠനെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭയപ്പെട്ട താജുദ്ദീനും മറ്റൊരാളും രക്ഷപ്പെടുകയായിരുന്നുവെന്നും അതുവഴി വന്ന നാട്ടുകാരാണ് കാറിടിച്ച് ഗുരുതരാവസ്ഥയില്കിടന്ന മണികണ്ഠനെ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. മദ്യപിച്ച് അശ്രദ്ധയോടെ കാറോടിച്ച് അപകടമുണ്ടാക്കിയതിന് പെരിന്തല്ലൂരിലെ കൂരിയാട്ടില്‍ താജുദ്ദീനെ (31) തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കേസ് അന്വേഷിക്കുന്ന തിരൂര്‍ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു പറഞ്ഞു


