പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളിലെ സര് സംഘ് ചാലകാണെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസി നേക്കാള്‍ അവരുടെ കുപ്പായം ചേരുന്നത് രമേശ് ചെന്നിത്തലയ്ക്കാണ്. ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു. അയോധ്യ, മുത്തലാഖ്, പൗരത്വ ഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി’യെ ‘താമര’യേക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായ്പോഴും ഇറക്കുന്നത്. അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കാവിപ്പടയ്ക്ക് അന്നത്തെ കോണ്‍ഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിന്‍പറ്റിയാണ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകള്‍ കയറുന്നത്. ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എല്‍ഡിഎഫിനെയും വിശിഷ്യാ സിപിഐഎമ്മിനെയുമാണെന്നും കോടിയേരി പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറും മുമ്പേ ചെന്നിത്തല ആവര്‍ത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആര്‍എസ്എസ്-കോണ്‍ഗ്രസ് ബാന്ധവമെന്നും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.

