വി ഡി സതീശന് നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. താന്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ കോടികള്‍ എത്ര വേണം. കോടികള്‍ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യില്‍ ഒരു പൈസയുമില്ല.കടക്കാരനാണ് – അന്‍വര്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അവര്‍ പറഞ്ഞു. പലതും ജപ്തിയുടെ വക്കിലാണെന്നും അന്‍വര്‍ വെളിപ്പെടുത്തി.
ഘടകക്ഷിയാക്കാത്തതിന് പിന്നില്‍ വി ഡി സതീശനെന്നും അന്‍വര്‍ പറഞ്ഞു. അദ്ദേഹത്തിന് പിന്നില്‍ ഗൂഢശക്തിയെന്നും ആരോപിച്ചു. യുഡിഎഫിലേക്കില്ലെന്നും ഒരു നേതാവും ഇനി വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങി വന്ന തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ആ രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിന് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ പിണറായിസം മാറ്റി നിര്‍ത്തി മറ്റ് ചില ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് എന്നെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പോവുകയാണ്. അതിലൊരു വിട്ടുവീഴ്ചയും ഇപ്പോഴും ഉണ്ടായിട്ടില്ല. ഞാന്‍ ആരെയും കണ്ടിട്ട് ഇറങ്ങി വന്നവനല്ല. സാധാരണ ജനങ്ങളെ കണ്ടിട്ടാണ്. ഭൂരിപക്ഷത്തെ കണ്ടു ഭയപ്പെട്ട് ഞാന്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്ന് പിന്നോട്ടില്ല. ഈ അധികപ്രസംഗം തുടരുക തന്നെ ചെയ്യും – അന്‍വര്‍ പറഞ്ഞു.