കോഴിക്കോട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു നാടകീയ ഒളിച്ചോട്ടം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കുറ്റ്യാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മാര്‍ക്കറ്റിങ് മാനേജരുമായ എസ്.സന്ദീപാണു താന്‍ കൊല്ലപ്പെട്ടെന്നു വരുത്തിത്തീര്‍ത്തു നാടുവിട്ടത്. നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ കബളിപ്പിച്ചു മുംബൈയിലേക്കു കടന്ന സന്ദീപിനെയും കാമുകി പൊറ്റമ്മല്‍ സ്വദേശിനി അശ്വിനിയെയും പൊലീസ് അവിടെ നിന്നു തന്ത്രപരമായി പിടികൂടുകയായിരുന്നു.
ട്രക്കിങ്ങിനെന്ന വ്യാജേന സന്ദീപ് കഴിഞ്ഞ മാസം ബൈക്കില്‍ കര്‍ണാടകയിലേക്കു പുറപ്പെട്ടു. ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാല്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയില്ല. ശൃംഗേരി- കൊപ്പ- ഹരിഹര റൂട്ടിലെ കാനനപാതയില്‍ തുംഗഭദ്ര നദിക്കരയില്‍ സന്ദീപ് ബൈക്ക് നിര്‍ത്തി. അവിടെ പിടിവലി ഉണ്ടായെന്നു വരുത്തിത്തീര്‍ക്കാന്‍ നിലത്ത് ബൂട്ടുകൊണ്ടു പാടുണ്ടാക്കി. സന്ദീപ് കയ്യില്‍ കരുതിയ പാദരക്ഷകള്‍ ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍പേര്‍ സ്ഥലത്തെത്തിയെന്നു വരുത്തി. വാച്ച് പൊട്ടിച്ചു. മൊബൈല്‍ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി.
ഇതിനിടെ സന്ദീപിന്റെ ഭാര്യ നല്ലളം പൊലീസില്‍ പരാതി നല്കി. പൊലീസ് കര്‍ണാടകയ്ക്കു തിരിച്ചു. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ തുംഗഭദ്ര നദിയില്‍ 8 മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചു തിരച്ചില്‍ ആരംഭിച്ചു. ഹെലിക്യാം ഉപയോഗിച്ചു കാട്ടിലും തിരഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ കര്‍ണാടക പൊലീസ് അന്വേഷണം നിര്‍ത്തി. ഇതിനിടെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ അശ്വിനിയെ കാണാനില്ലെന്നു ബന്ധുക്കള്‍ പരാതി നല്കി. പെണ്‍കുട്ടി ജോലി ചെയ്ത സ്ഥലവും മറ്റും അന്വേഷിച്ചെത്തിയ പൊലീസാണ് അശ്വിനി കുറച്ചുകാലം സന്ദീപിനൊപ്പം ജോലി ചെയ്തെന്നു മനസ്സിലാക്കിയത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
അശ്വിനിയുടെ ഫോണിലേക്ക് അവസാനം കോള്‍ വന്നതു മുംബൈയില്‍ നിന്നാണ്. ഇതോടെ ഇരുവരുടെയും മുന്‍കാല ഫോണ്‍വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. 2 പേരും ഒരുമിച്ചാണെന്നു പൊലീസും ഉറപ്പിച്ചു. ഇതിനിടെ, കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചു സന്ദീപും അശ്വിനിയും വാട്സാപ് ഇല്ലാത്ത മൊബൈലുകള്‍ വാങ്ങി. യാത്രക്കിടെ സന്ദീപ് തന്റെ നീളന്‍ മുടി മുറിച്ചു രൂപമാറ്റം വരുത്തി.
സന്ദീപാണ് ആദ്യം മുംബൈയില്‍ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ ഇരുവരും ഒരു ട്രാന്‍സ്ജെന്‍ഡറിനെ പരിചയപ്പെട്ട് ആ പേരില്‍ സിം കാര്‍ഡ് വാങ്ങി. ഇതിനിടെ പുതിയ ഫോണ്‍ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബര്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്. വീട്ടുകാര്‍ക്കോ പൊലീസിനോ സംശയമുണ്ടാകാതിരിക്കാനാണ് ഒരുമിച്ച് നാടുവിടാതിരുന്നതെന്നു അശ്വിനി പൊലീസിനോട് പറഞ്ഞു. ആരും തന്നെ തിരഞ്ഞു വരരുതെന്നുള്ളതുകൊണ്ടാണു മരിച്ചെന്നു വരുത്തിത്തീര്‍ത്തതെന്നു സന്ദീപും പറഞ്ഞു. സന്ദീപിനെയും അശ്വിനിയെയും കോടതിയില്‍ ഹാജരാക്കി. ഇരുവരും വീട്ടിലേക്കു മടങ്ങി.


