പത്തനംതിട്ട തിരുവല്ലയില്‍ CPIM ലോക്കല്‍ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികളില്‍ നിന്ന് തിരികെ വാങ്ങി. കടുത്ത വിമര്‍ശനങ്ങള്‍ ഉള്ള റിപ്പോര്‍ട്ട് ചര്‍ച്ചയാകാതിരിക്കാനാണ് നോര്‍ത്ത് ടൗണ്‍ ലോക്കല്‍ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് തിരികെ വാങ്ങിയത്. ഈ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു.
രൂക്ഷമായ വിഭാഗീയത നിലനില്‍ക്കുന്ന തിരുവല്ല ഏരിയ കമ്മറ്റിയിലെ നോര്‍ത്ത് ടൗണ്‍ ലോക്കല്‍ സമ്മേളനം നടത്താനാകാത്ത അവസ്ഥ നിലനിന്നിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആക്ഷേപം റിപ്പോര്‍ട്ടില്‍ ഉന്നിയിക്കുന്നുണ്ട്. പീഡന കേസില്‍ പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഡോ. തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സജിമോനെതിരെ നടപടി എടുത്ത തോമസ് ഐസക്കിനോട് കടുത്ത വിരോധം. പീഡനക്കേസ് പ്രതിയായ നേതാവിനെ സംരക്ഷിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ – തുടങ്ങിയ വിമര്‍ശനങ്ങളുമുണ്ട്.
ടൗണ്‍ നോര്‍ത്തിലെ പാര്‍ട്ടി രണ്ട് വിഭാഗത്തിലാണ് നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പീഡനക്കേസ് പ്രതിയായ സജിമോനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും എതിര്‍ക്കുന്ന മറ്റൊരു വിഭാഗവും പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. സജിമോനും ഇയാളെ അനുകൂലിക്കുന്ന മറ്റ് നേതാക്കളും പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, നിര്‍ത്തിവെച്ച ലോക്കല്‍ സമ്മേളനം വീണ്ടും നടത്താന്‍ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് സാധിച്ചിട്ടില്ല.