വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരിക്കുന്ന മാര്‍ച്ചിന് പൊലീസ് അനുമതിയില്ല. മാര്‍ച്ച് കാരണമുണ്ടാകുമെന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. വൈകിട്ട് നാല് മണിക്ക് മുക്കോലയ്ക്കലിലായിരുന്നു ഹിന്ദു ഐക്യവേദി ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. വൈദികരുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം സമരത്തിനെതിരെയാണ് മാര്‍ച്ച്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 600 ഓളം പൊലിസിനെ വിന്യസിക്കും.
അതേസമയം, വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് വേഗത്തില്‍ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമര സമിതിയുടെ തീരുമാനം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര് ക്രിസ്തുദാസ് വീടുകളിലെത്തി സന്ദര്‍ശിച്ചു.
തുറമുഖത്തിനെതിരായ സമരം ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും ശക്തമാക്കിയെങ്കിലും നിലവില്‍ വിഴിഞ്ഞത്തെ സാഹചര്യം ശാന്തമാണ്. സാധാരണ രീതിയിലുള്ള പ്രതിഷേധം തുടരാനാണ് സമരസമിതിയുടെ തീരുമാനം. വിശ്വാസികളും മത്സ്യത്തൊഴിലാളികളും പ്രകോപിതരാകരുതെന്ന് ലത്തീന്‍രൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം സമാധനപരമായിരിക്കും.
കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ഡിഐജി ആര്. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് സന്ദര്‍ശിച്ചേക്കും.


