പി.എം.ശ്രീ സമരത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരായ മുദ്രാവാക്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എഐവൈഎഫ്. സമരവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന് പറഞ്ഞു. സംഘടനാ തീരുമാനമില്ലാതെ മന്ത്രിയുടെ കോലം കത്തിച്ചതിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാഗര്‍ അടക്കമുള്ളവരോട് എഐവൈഎഫ് വിശദീകരണം തേടി.
പിഎം ശ്രീ വിഷയത്തിൽ എഐഎസ്എഫ് – എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നുമുള്ള മന്ത്രി ശിവൻ കുട്ടിയുടെ പരാമർശം ശ്രദ്ധയിൽ പെട്ടുവെന്നും ജിസ്മോൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച തീരുമാനം തങ്ങളെ വേദനിപ്പിച്ചിരുന്നു. വിദ്യാഭ്യാസമേഖലയെയും ചരിത്ര സത്യങ്ങളെയും വർഗീയവൽകരിച്ച് വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ സമൂഹത്തില്‍ നട്ടുവളര്‍ത്താനുള്ള ഫാസിസ്റ്റുകളുടെ ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ജാഗ്രതയോട് കൂടി ഇനിയും സമര രംഗത്തേക്കിറങ്ങേണ്ടതുണ്ട് എന്ന് തന്നെയാണ് എഐവൈഎഫിന് പറയാനുള്ളത്.
വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുമുള്ള ക്രിയാത്മകമായ നടപടികൾ മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൈകൊണ്ടിട്ടുണ്ട്. മന്ത്രിയെന്ന നിലയിൽ മുൻ കയ്യെടുത്ത് നടപ്പാക്കുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഇടതുപക്ഷ സമീപനത്തിൻ്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം നില നിർത്താൻ നമുക്ക് കഴിയുന്നത് കേരളത്തിന്നാകമാനം അഭിമാനർഹമാണെന്നും ടിടി ജിസ്മോൻ പറഞ്ഞു.


