സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതു സംബന്ധിച്ച് കസ്റ്റംസ് ഉന്നത കേന്ദ്രങ്ങള്‍ അന്വേഷണം തുടങ്ങി. സ്വപ്നയുടെ നിരവധി പേജുകളുള്ള മൊഴിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
മൊഴിയിലെ ചില ഭാഗങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനില്‍ നമ്പ്യാരും ഫോണില്‍ സംസാരിച്ചത്. നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയാല്‍ ഗുരുതരപ്രശ്നമാകും എന്നതിനാല്‍ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോണ്‍സുലര്‍ ജനറലിന് കത്ത് നല്കാന് തന്നോട് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.
ജൂലൈ അഞ്ചിനാണ് അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നല്കിയാല് നികുതിയും പിഴയും അടച്ച് കേസില്‍ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാര്‍ സ്വപ്നയെ ഉപദേശിച്ചു. കോണ്‍സുലര്‍ ജനറല്‍ക്ക് നല്‍കേണ്ട കത്തിന്റെ പകര്‍പ്പ് തയ്യാറാക്കി അയക്കാന്‍ സ്വപ്ന അനില്‍ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ താന്‍ ഒളിവില്‍ പോയതിനാല്‍ പിന്നെ അനില്‍ നമ്പ്യാരുമായി ബന്ധപ്പെടാനോ കത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ അറിയാനോ സാധിച്ചില്ലെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിനും വളരെക്കാലം മുന്‍പേ തന്നെ അനില്‍ നമ്പ്യാരെ പരിചയമുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.


