ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി എസ് ഐ ബിന്ദുലാൽ അറസ്റ്റിൽ. തിരൂർ ഡിവൈഎസ്പി ആണ് ബിന്ദുലാലിനെ അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സി ഐ സുനിൽ ദാസ് ഒളിവിലാണ്. മൂന്നാം പ്രതി ഇടനിലക്കാരൻ ഒളിവിലാണ്. ക്വാറി ഉടമയിൽ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്തു.
ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്നാണ് ക്വാറി ഉടമയുടെ പരാതി. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. പിന്നാലെ വളാഞ്ചേരി സിഐ ക്വാറി ഉടമയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും താങ്കളെയും കേസിൽ പ്രതിചേർത്ത് ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തി ഇല്ലെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.സംഭവത്തില്‍ വളാഞ്ചേരി എസ് എച്ച് ഒ സുനിൽ ദാസ്, എസ് ഐ ബിന്ദുലാൽ എന്നിവർക്കെതിരെ തിരൂർ ഡി വൈ എസ് പി കേസെടുത്തു. ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തു.

