മൂവാറ്റുപുഴ: കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് . ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നെല്‍കൃഷി വ്യാപകമാക്കുന്നതിനും ബജറ്റില്‍ പദ്ധതി. കാര്‍ഷിക മേഖലിയില്‍ 45 ലക്ഷം, ഭിന്നശേഷി ക്ഷേമത്തിന് 70 ലക്ഷം, വനിതാ ക്ഷേമത്തിന് 28 ലക്ഷം, പാര്‍പ്പിട മേഖലിയില്‍ 2.66കോടി, ആരോഗ്യ മേഖലയില്‍ 59 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 36, 07,10,322 രൂപ വരവും 36,01, 8 1,372 രൂപ ചിലവും 5,28,950 മിച്ചവുമുള്ള ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന് അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് ജോസി ജോളി അവധിയില്‍ ആയതിനാലാണ് പ്രസിഡന്റ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
കാര്‍ഷിക മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ഇന്‍സെന്റീവ് പദ്ധതി കര്‍ഷകര്‍ക്ക് പുതിയ കൃഷിരീതികളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിന് അഗ്രി ഫെസിലിറ്റേഷന്‍ സെന്ററും നാട്ടറിവ് മ്യൂസിയവും ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ്, കുളങ്ങളില്‍ മീന്‍ കൃഷി, തുടങ്ങി കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് 45ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വനിതാ ക്ഷേമത്തിന് മുന്തിയ പരിഗണന നല്ലിയിട്ടുള്ള ബഡ്ജറ്റില്‍ കാര്‍ഷിക-കാര്‍ഷികേതര രംഗങ്ങളില്‍ വനിതകള്‍ക്ക് തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ വിവിധ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അയല്കൂട്ടങ്ങള്, റസിഡന്‍സ് അസോസിയേഷനുകള്‍ ,വനിതാ കൂട്ടായ്മകള്‍ എന്നിവയിലൂടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഏത്തവാഴ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ‘നാട്ടിലെ വാഴ വീട്ടിലെ ഉപ്പേരി ‘, പച്ചക്കറി വികസന പദ്ധതി , പുഷ്പകൃഷി ,എം. ബയോ ജൈവ വള നിര്‍മ്മാണം, മുളവൂര്‍ കൂര്‍ക്ക സംരക്ഷണ പദ്ധതി, വനിത കഫേ, ജോബ് പോര്‍ട്ടല്‍, സ്വാശ്രയം – തൊഴില്‍ സംരംഭങ്ങള്‍ , ബയോപോട്ട് നിര്‍മ്മാണ യൂണിറ്റ് എന്നിവ വനിത ക്ഷേമത്തിനായി വിഭാവനം ചെയ്തിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പ്രധാന പരിഗണന നല്‍കിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളുടെ ഇന്ദ്രിയ ശേഷി പോഷിപ്പിക്കുന്നതിനുള്ള ന്യൂറോ സെന്‍സറി പാര്‍ക്ക്, തെറാപ്പി സെന്റര്‍, സ്കോളര്‍ഷിപ്പ്, ബഡ്സ് റിഹാബിലിറ്റേഷന്‍ ആന്റ് വൊക്കേഷണല്‍ ട് ട്രെയിനിംഗ് സെന്റര്‍, വിനോദയാത്ര തുടങ്ങി നൂതന പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. എല്‍. പി. സ്കൂള്‍ കുട്ടികളുടെ കായിക ശേഷി വര്‍ധിപ്പിക്കുന്നതിന് ഹെല്‍ത്തി ന്യൂജെന്‍ പദ്ധതി,ശാസ്ത്ര പഠന ക്യാമ്പുകള്‍ എന്നിവ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. വയോജന ക്ഷേമത്തിനായി വയോജനങ്ങള്‍ക്ക് യോഗ പരിശീലനം പാലിയേറ്റീവ് രോഗികള്‍ക്ക് പരിചരണ പദ്ധതി, ഡയാലിസിസ് രോഗികള്‍ക്ക് മരുന്നു വാങ്ങി നല്‍കുന്നതിന് ഡയാമെഡ് പദ്ധതി എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. പട്ടിക ഭാഗങ്ങളുടെ ആവാസ വികസനത്തിനായിട്ടുള്ള മാതൃകാ ഗ്രാമം പദ്ധതി, മാര്‍ഗ്ഗദീപം പരിശീലന പരിപാടി എന്നി ശ്രദ്ധേയമായ ചുവടുവയ്പാണ്.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റീന സജി , മേഴ്സി ജോര്‍ജ്, ബെസ്റ്റിന് ചേറ്റൂര്‍ , അംഗങ്ങളായ പ്രൊഫ ജോസ് അഗസ്റ്റിന്, രമ രാമകൃഷ്ണന് , ഒ.കെ. മുഹമ്മദ്, അഡ്വ ബിനി ഷൈമോന്‍, റിയാസ് ഖാന്, സിബിള്‍ സാബു,പഞ്ചായത്തു പ്രസിഡന്റുമാരായ ഒ.പി. ബേബി, ആന്‍സി ജോസ്, ജാന്‍സി മാത്യു, ഷെല്‍മി ജോണ്‍സ്, സുറിമി അജീഷ്, സുജിത്ത് ബേബി, സെക്രട്ടറി രതി .എം ജി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.