മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന് താക്കോല്‍ദാനം നിര്‍വഹിക്കും. പെയിന്റിംഗും പ്ലംബിംഗും ടൈലിടീലും പൂര്‍ത്തിയായ വീടിന്റെ മുറ്റത്ത് ടൈലുകള്‍ പാകുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഐ എം വില കൊടുത്തു വാങ്ങിയ ഭൂമിയിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 1256 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ കല്ലിടീല്കര്മ്മം നിര്‍വഹിച്ചത്.
വട്ടവട കൊട്ടാക്കമ്പൂരില്‍ നിര്‍മ്മിച്ച വീടിന് സമീപം രാവിലെ പത്തരയ്ക്കാണ് ചടങ്ങുകള്‍. ചടങ്ങില്‍ സിപിഐ എം സ്വരൂപിച്ച കുടുംബ സഹായ നിധിയും മുഖ്യമന്ത്രി കൈമാറും. കഴിഞ്ഞ ജൂലൈ രണ്ടിന് വെളുപ്പിനാണ് എസ്എഫ്ഐനേതാവും, മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയുമായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.