തിരുവനന്തപുരം: 100, 200 തുടങ്ങിയ കുറഞ്ഞ മൂല്യമുളള നോട്ടുകളുടെ ലഭ്യത എസ്ബിഐ എടിഎമ്മുകളില്‍ ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്. മെഗാ കസ്റ്റമര്‍ മീറ്റില്‍ ഉപഭോക്താക്കളുടെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 3,000 രൂപയാണ് എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ്. ഇത് ചെറിയ പെന്ഷന് വാങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍ അവരുടെ അക്കൗണ്ട് പെന്ഷന് അക്കൗണ്ടുകളാക്കി മാറ്റാമെന്ന് അദ്ദേഹം അറിയിച്ചു. മിലിട്ടറി പെന്ഷന് അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക സേവനം ലഭ്യമാണെന്നും ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.
എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നത് ഉള്‍പ്പടെയുളള സേവനങ്ങള്‍ നല്കുന്ന എസ്ബിഐ യോനോ ആപ്പിനെക്കുറിച്ച് അവതരണവും സംഘടിപ്പിച്ചു.


