കോട്ടയം: ചങ്ങനാശേരി അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മരണകാരണം ന്യൂമോണിയയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നു മരിച്ച യോഹന്നാന്റെ പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. യോഹന്നാന്റെ ശരീരത്തിലോ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമില്ല. ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ദിവസം മരിച്ച ഗിരീഷിനും ന്യുമോണിയ ബാധിച്ചിരുന്നതായി പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നു പേര് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെതുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള് ഉണ്ടായത്. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് മൂന്നാമത്തെയാള്‍ മരിച്ചത്. കഴിഞ്ഞയാഴ്ച രണ്ടു പേര് മരിച്ചു. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ തിരുവല്ലയില്‍ ചികില്‍സയിലാണ്.


