കോട്ടയം: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച യജമാനനേയും, അപകടകരമായ രീതിയില്‍ പിന്‍സീറ്റില്‍ നിന്ന് യാത്ര ചെയ്ത നായയും കുടുങ്ങി. രണ്ടുപേരേയും മോട്ടോര്‍ വാഹന വകുപ്പ് കയ്യോടെ പിടികൂടി. ആര്‍ടിഒ ഓഫീസില്‍ എത്തി വിശദീകരണം നല്‍കണമെന്നും, ഏഴ് ദിവസത്തിനകം പിഴയടക്കണം എന്നും കാണിച്ച് വാഹന ഉടമയ്ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.40ടെ കെ കെ റോഡിലായിരുന്നു സംഭവം.
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇവരുടെ മുന്പിലേക്കാണ് നായയും ഉടമസ്ഥനും വന്നുപെട്ടത്. ഇവരുടെ യാത്ര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ സാബു ക്യാമറയില്‍ പകര്‍ത്തി. പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തു. വിഴിക്കത്തോട് മണ്ണംപ്ലാക്കല്‍ അല്ക്സ് സ്കറിയയ്ക്കാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടോജോ എം തോമസ് നോട്ടീസ് അയച്ചത്. വളര്‍ത്തുമൃഗത്തെ അപകടകരമായ രീതിയില്‍ ബൈക്കില്‍ നിര്‍ത്തി പൊതുനിരത്തിലൂടെ യാത്ര ചെയ്തതിനും, ഹെല്‍മറ്റ് ധരിക്കാത്തതിനും 1500 രൂപയാണ് പിഴയിട്ടത്.


