നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെയും മകളെയും എഎസ്ഐ അധിക്ഷേപിച്ച സംഭവത്തില്‍ റേഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാര്‍ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന് പ്രകോപിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. എഎസ്ഐ ഗോപന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല, യൂണിഫോമില്‍ അല്ലാതിരുന്നതും വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാര്‍ശ ചെയ്യുന്നു.
ഗോപകുമാര്‍ സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല. മേലുദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് ഗോപകുമാര്‍ അധിഷേധിപ്പിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തു. റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരിദ്ദിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന് നെടുമങ്ങാട് ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു.
തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും മകളെയും പൊലിസുകാരന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വലിയ വിമര്‍ശനമാണ് നേരിട്ടത്. പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്നും പൊലീസിനെ പെരുമാറ്റം പഠിപ്പിക്കേണ്ടന്നുമാണ് എഎസ്ഐ ആക്രോശിക്കുന്നത്. എന്നാല്‍ പരാതിക്കാരന് തുടര്‍ച്ചയായി മോശമായി പെരുമാറിയപ്പോളാണ് പ്രതികരിച്ചതെന്നാണ് വിശദീകരണം.
നെയ്യാര്‍ ഡാം സ്റ്റേഷനില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സുദേവന് എന്നയാളുടെ മൂത്ത മകള്‍ അയല്‍ക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മകളെ കാണാനില്ലെന്ന സുദേവന്റെ പരാതിയില്‍ ഇരുകൂട്ടരെയും വിളിച്ചു വരുത്തിയെങ്കിലും മകള്‍ കാമുകനൊപ്പം പോയി. എന്നാല്‍ മകളും കാമുകനും ഇനി തന്റെ വീട്ടില്‍ കയറരുതെന്ന നിബന്ധന വയ്ക്കണമെന്ന് സുദേവന് ആവശ്യപ്പെട്ടു. ഇതിന് പൊലീസ് തയാറാകാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ഈ ആക്രോശത്തിലെത്തിയത്. പൊലീസിന്റെ നടപടിയില്‍ തെറ്റില്ലെങ്കിലും പെണ്‍കുട്ടിയോടുള്ള പെരുമാറ്റം പോലും അപമര്യാദയായിട്ടായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് മടങ്ങുന്നതുള്പ്പെടെയുളെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എ.എസ്. ഐ ഗോപനെ സ്ഥലം മാറ്റി വകുപ്പ തല അന്വേഷണം തുടങ്ങിയത്.


