കാസര്‍കോട്: പ്രത്യക്ഷമായല്ലെങ്കിലും 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ത്തിന്റെ ഭാഗമായി ജയിലിലെ അന്തേവാസികളും. മത്സരാര്ത്ഥികളോ സംഘാടകരോ കാണികളോ ആയല്ല അവരും മേളയുടെ ഭാഗമാകുന്നത്. ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധിയെഴുതാന്‍ ജയിലില്‍ നിര്‍മ്മിച്ച പേനകളാണ് തയ്യാറാക്കിയത്.
നാലായിരം പേനകളാണ് കാഞ്ഞങ്ങാട് സബ് ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച് കലോത്സവ സംഘാടക സമിതിക്ക് കൈമാറുന്നത്. പതിമൂന്നായിരത്തില്‍ അധികം വരുന്ന മത്സരാര്‍ത്ഥികളുടെ വിധിയഴുതുക ഇവര്‍ നിര്‍മ്മിക്കുന്ന പേനകളാണ്.
പ്ലാസ്റ്റിക് കവറുകള്‍ക്കും കലോത്സവവേദിയില്‍ സ്ഥാനമില്ല. മേളയില്‍ ഹരിതചട്ടം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കലോത്സവ വേദിയിലേക്ക് ആരും പ്ലാസ്റ്റിക് കവറുമായി വരേണ്ടതില്ല. പ്ലാസ്റ്റിക് കവറുകളുമായെത്തുന്നവര്‍ക്ക് പകരം തുണി സഞ്ചിയാണ് നല്‍കുക. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി ആളുകള്‍ക്ക് നല്കാന് പതിനായിരത്തിലധികം തുണി സഞ്ചികളാണ് ഒരുക്കുന്നത്.


