കോട്ടയം: കോട്ടയത്ത് സർക്കാർ സ്കൂളിന് നേരെ ആക്രമണം. ഇളമ്പള്ളി സർക്കാർ യുപി സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്കൂളിന്റെ ജനലും വാതിലുകളും തകർത്തു. പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.
ജനൽചില്ലുകൾ പൊട്ടുന്ന ശബ്ദവും മറ്റും പ്രദേശവാസികൾ കേട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്ന് രാവിലെ സ്കൂളിലേക്ക് എത്തിയ അധ്യാപകരും വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ വാതിലും ജനലും തകർത്തത് കണ്ടത്. കല്ലും കുപ്പിയും എറിഞ്ഞാണ് ആക്രമണം നടത്തിയതെന്നതിന്റെ തെളിവും പരിസരത്ത് കാണാം. ഇവിടങ്ങളിൽ സിസിടിവി സംവിധാനമില്ല. സ്കൂളിന് സമീപത്തെ ക്ഷേത്രത്തിൽ ഇന്നലെ ഉത്സവം നടന്നിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിൽ നിന്നുള്ള ശബ്ദം പുറത്ത് കേട്ടിരുന്നില്ല.


