കണ്ണൂര്‍: ജയിലില്‍ തടവുകാര്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ആഴ്ചയില്‍ അഞ്ചുദിവസവും യോഗാ പരിശീലനം നല്‍കണമെന്ന് നിര്‍ദേശം. ഭക്ഷണം പാഴാക്കുന്നത് തടയാന്‍ ബുഫെ സംവിധാനം കൊണ്ടുവരാനും നിര്‍ദേശമുണ്ട്. കഴിഞ്ഞദിവസം ജയില്‍ ഡി.ജി.പി. ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജയില്‍ സൂപ്രണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം.
ജയിലില്‍ കോഫി-ടീ വെന്‍ഡിങ് മെഷീന് സ്ഥാപിക്കുന്നതിനുപുറമേ എറണാകുളം ജയിലില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തിയത് മറ്റു ജയിലുകളിലേക്കും വ്യാപിപ്പിക്കും.
സി.സി.ടി.വി. സംവിധാനമുള്‍പ്പടെ അഞ്ചരക്കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങും. തടവുകാരി ആത്മഹത്യചെയ്ത കണ്ണൂര്‍ വനിതാ ജയിലിനുള്ളിലെ മരങ്ങള്‍ മുറിച്ചുമാറ്റും.
എല്ലാ ജയിലുകളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജയിലുകളിലായിരിക്കും ആദ്യം സ്ഥാപിക്കുക. ചില അഭിഭാഷകരുടെ ക്ലാര്‍ക്കുമാര്‍ കേസ് ലഭിക്കുന്നതിനായി തടവുകാരെ സമീപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്്. ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍മാര്‍ ഇക്കാര്യം നിരീക്ഷിക്കാനും ഡി.ജി.പി. നിര്‍ദേശിച്ചു.
തടവുകാരില്‍ കൂടിവരുന്ന ആത്മഹത്യാപ്രവണത തടയുന്നതിന് കൗണ്‍സലിങ് നടത്തുക, തടവുകാരുടെ പരാതികള്‍ കൃത്യമായി പരിശോധിക്കുക, ജയിലുകളില്‍ വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍ സ്ഥാപിക്കുക, എല്ലാ സെല്ലുകളിലും ഫാന്‍ സ്ഥാപിക്കുക, തടവുകാരുടെ വീട്ടില്‍നിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ പരിശോധിച്ച് കഴിയാവുന്നവ നല്‍കുക, കോടതിയിലേക്കും മറ്റുമുള്ള യാത്രയില്‍ തടവുകാര്‍ക്ക് പോലീസ് എസ്കോര്‍ട്ട് ലഭിക്കാത്ത സാഹചര്യം ഇല്ലാതാക്കുക, കരനെല്‍കൃഷി തുടങ്ങുക, ജയിലില്‍ ഹൃസ്വകാല കോഴ്സുകള്‍ തുടങ്ങുക എന്നീ കാര്യങ്ങളിലും ചര്‍ച്ചയില്‍ തീരുമാനമായി.


