വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്ടെ മലയോര മേഖലകളിൽ വൻ നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. താമരശ്ശേരി ചുരത്തിൽ മരംവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കൊടുവള്ളി ആവിലോറയില് ട്രാന്‍സ്ഫോര്‍മര്‍ മരം വീണ് നിലംപൊത്തി.സമീപത്തെ കെട്ടിടത്തിൽനിന്നുള്ള ഷീറ്റും പറന്ന് വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. പുതുക്കുടിണ്ടി മേപ്പയൂർ കൊഴുക്കല്ലൂരിൽ രതീഷിൻ്റെ വീടിനു മുകളിലേക്ക് മരം വീണു. രതീഷും ഭാര്യയും മകളും അമ്മയും വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ബാലുശ്ശേരി കോക്കല്ലൂരില്‍ വീടിനു മുകളില്‍ തെങ്ങു വീണ് മീത്തലെ ചാലില്‍ കുമാരന് ,ഭാര്യ കാര്‍ത്തി എന്നിവര്‍ക്ക് പരുക്കേറ്റു. കുമാരന് തലക്ക് ഗുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.


