തിരുവനന്തപുരം: ഗോത്രാചാരപ്രകാരം വിവാഹംചെയ്ത് ജോലിസ്ഥലത്ത് ഒപ്പം ജീവിക്കാന്‍ എത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവിന് പോക്സോ കേസില്‍ ജയില്‍വാസം. ഭാര്യയ്ക്ക് പ്രായപൂര്ത്തിയായില്ലന്നാണ് കേസ്. ഒരുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ പുറത്തിറക്കാന്‍ കഴിയാതെ കൈകുഞ്ഞുമായി അവള് ഇന്നലെ ഭര്‍ത്താവ് വൈകാതെ മടങ്ങിയത്തുമെന്ന പ്രതിക്ഷയോടെ നാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് നാഗാലാന്‍ഡിലെ ദിമാപുരില്നിന്ന് ഇരുപത്തിയഞ്ചുകാരനായ ബിശ്വേശ്വര് സിന്‍ഹ പതിനാറുകാരിയായ തന്റെ ഭാര്യയുമൊത്ത് തിരുവനന്തപുരത്ത് എത്തിയത്. നാട്ടില്‍ ഗോത്രാചാര പ്രകാരം വിവാഹിതരായവരായിരുന്നു ഇരുവരും.
കഠിനംകുളത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു ബിശ്വേശ്വര്. വിവാഹംകഴിഞ്ഞെത്തിയശേഷം ഹോട്ടലിന് സമീപത്ത് ഒരു വീട് വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. സന്തോഷത്തോടെ ദിവസങ്ങള്‍ കടന്നുപോകുന്നതിനിടെ ആരോ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ തേടിയെത്തി. ഭാര്യയ്ക്ക് പ്രായപൂര്ത്തിയായില്ലെന്നു കണ്ടെത്തി ബിശ്വേശ്വറിനെ അറസ്റ്റുചെയ്തു.
പ്രതീക്ഷയോടെയാണ് അവര്‍ മടങ്ങി
ഗര്‍ഭിണിയുടെ സംരക്ഷണം ജില്ലാ ബാലക്ഷേമ സമിതി ഏറ്റെടുത്തു. ഒക്ടോബര്‍ ഒമ്പതിന് ഒരു പെണ്‍കുഞ്ഞിന് ജന്മംനല്കി. ഭര്‍ത്താവ് ജയിലിലായി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ആരും ജാമ്യത്തിലെടുക്കാനെത്തിയില്ല. രക്ഷിക്കാന്‍ വഴികളൊന്നും കാണാത്ത ആ പെണ്‍കുട്ടി ഒടുവില്‍ ബുധനാഴ്ച രാത്രി ഗുവഹാട്ടിയിലേക്കുള്ള വിവേക് എക്സ്പ്രസില്‍ ഒന്‍പതുമാസം പ്രായമായ മകളുമൊത്ത് നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവ് ഉടന്‍ വന്നുചേരുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ മടങ്ങിയത്.
വിവാഹം ചെയ്തതാണെന്ന് നാഗാലാന്‍ഡ് സി.ഡബ്ല്യു.സി.
സി.ഡബ്ല്യു.സി. (ബാലക്ഷേമ സമിതി) നടത്തിയ അന്വേഷണത്തില്‍ ബിശ്വേശ്വര് ഗോത്രാചാരപ്രകാരം പെണ്‍കുട്ടിയെ വിവാഹം ചെയ്തതാണെന്ന് നാഗാലാന്‍ഡ് സി.ഡബ്ല്യു.സി. റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇരുവരെയും കാണാതെ ബന്ധുക്കള്‍ ആശങ്കയിലാണെന്നും അറിയാന്‍കഴിഞ്ഞു. തുടര്‍ന്നാണ് അമ്മയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
ജാമ്യത്തിനുള്ള ശ്രമങ്ങള്‍ സി.ഡബ്ല്യു.സി. തുടങ്ങി
ബുധനാഴ്ച രണ്ടു വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും സാമൂഹികനീതി വകുപ്പിലെ ഫീല്‍ഡ് ജീവനക്കാരിക്കും ഒപ്പം ഇവരെ സ്വദേശത്തേക്ക് അയച്ചു. ജില്ലാ സി.ഡബ്ല്യു.സി. ചെയര്‍പേഴ്സണ്‍ ഷാനിബാ ബീഗം മുന്‍കൈയെടുത്ത് ബിശ്വേശ്വറിന് ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടാണ് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.


