അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു പ്രസവം. സുമതി ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സ്കാനിംഗില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴയുണ്ടായിരുന്നു.
ഓഗസ്റ്റ് ഒന്നിനായിരുന്നു സുമതിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. ഉയര്‍ന്ന രക്ത ശ്രാവത്തെ തുടര്‍ന്ന് ഇതിനിടയില്‍ അവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രസവിക്കുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. തലയില്‍ നേരത്തെ കണ്ടെത്തിയ മുഴയാണോ മരണക ാരണം എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. ഈ വര്‍ഷം അട്ടപ്പാടിയില്‍ നടക്കുന്ന ഒമ്പതാമത്തെ ശിശു മരണമാണിത്. നവജാത ശിശു മരണം അഞ്ചാമത്തേതുമാണ്.
കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി തന്നെ അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അട്ടപ്പാടിയില്‍ വേണ്ടത്ര ചികിത്സയുള്‍പ്പെടെ ലഭ്യമാകുന്നില്ലെന്ന ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.


