കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. സാജന്റെ മക്കളിൽ നിന്നും മറ്റു കുടുംബാംഗങ്ങളിൽ നിന്നും വിശദമായ മൊഴിയെടുക്കും. സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
നൈജീരിയയിൽ വ്യവസായ സംരംഭം നടത്തി വിജയിച്ച സാജന് നഗരസഭ നിഷേധിച്ചാലും കൺവെൻഷൻ സെന്ററിന്റെ അനുമതിക്ക് ന്യായമായി സമീപിക്കാവുന്ന ഉയർന്ന സ്ഥാപനങ്ങളുണ്ട് എന്നിരിക്കെ ആത്മഹത്യ ചെയ്യാൻ പെട്ടെന്നുള്ള പ്രകോപനമെന്താണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഉത്തരം തേടുന്നത്.
സാജന്റെ ബാങ്കിടപാടുകളടക്കം സാമ്പത്തിക വിഷയങ്ങൾ ഗൗരവമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. സാജന്റെ ഡയറിക്കുറിപ്പ് പരിശോധിച്ചതിൽ തന്റെ സ്വപ്ന പദ്ധതി മുടങ്ങിയതിലെ മനോവിഷമം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണമെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.


