തിരുവനന്തപുരം: കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പെടുന്ന ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചു പ്രാഥമിക റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോ ദൃശ്യങ്ങളും മറ്റു തെരഞ്ഞെടുപ്പു രേഖകകളും പരിശോധിച്ചതില്‍ കള്ളവോട്ട് നടന്നതായാണു വ്യ ക്തമാകുന്നതെന്നെന്നു ജില്ലാ കളക്ടര്‍മാരും അസിസറ്റന്റ് റിട്ടേണിംഗ് ഓഫസര്മാരും സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് വരണാധികാരികളായ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്കു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്കി. പരിശോധിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എത്രപേര്‍ കള്ളവോട്ട് ചെയ്തു, ആരൊക്കെയാണ് കള്ളവോട്ട് ചെയ്തത്, തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ഏതൊക്കെ ഉദ്യോഗസ്ഥരുടെ പിന്തുണ ഇവര്‍ക്കു ലഭിച്ചു, ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കടന്നു വോട്ടര്‍മാരെ സ്വാധീനിച്ചോ, കള്ളവോട്ടിന് ഇവരുടെ പിന്തുണ ലഭിച്ചോ എന്നിവ അ ടക്കമുള്ള വിഷയങ്ങളാണു പരിശോധിക്കാന്‍ സിഇഒ നിര്‍ദേശിച്ചിട്ടുള്ളത്.
വിശദ അന്വേഷണ റിപ്പോര്‍ട്ട് രണ്ടു കളക്ടര്‍മാരും സമര്‍പ്പിക്കുന്ന മുറയ്ക്കു ക്രിമിനല്‍ കേസ് അടക്കമുള്ള കടുത്ത നടപടികളിലേക്കു തെരഞ്ഞെടുപ്പു കമ്മീഷന് നീങ്ങും. റീ പോളിംഗ് അടക്കമുള്ള തെരഞ്ഞെടുപ്പു നടപടികളും തുടങ്ങും. വിശദ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളു.
അതേസമയം, സിപിഎം നേതാക്കള്‍ പറഞ്ഞതു പോലെ ഓപ്പണ്‍ വോട്ട് എന്ന സംവിധാനം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ ഇല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. ഓപ്പണ്‍ വോട്ട് എന്നതിനെക്കുറിച്ച് ഒരിടത്തും പറയുന്നില്ലെന്നും വരാണാധികാരികളുടെ പ്രാഥമിക റിപ്പോര്‍ട്ടിലുമുണ്ട്.


