കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വലഞ്ഞ് കേരളം. സംസ്ഥാനത്തിന്റെ പലയിടത്തും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയച്ചു. മലപ്പുറത്ത് എടവണ്ണപ്പാറയില്‍ കട അടപ്പിച്ചു.
പൊലീസ് നോക്കി നില്‍ക്കെയാണ് തിരുവനന്തപുരത്ത് പ്രാവച്ചമ്പലത്തും കാട്ടാക്കടയിലും പേട്ടയിലും സമരാനുകൂലികള്‍ റോഡിലിറങ്ങി സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞത്. പേട്ടയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞ് തിരിച്ച് വിട്ട നടപടിയെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടു.തിരുവനന്തപുരം ജില്ലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സിഐയെ വിളിച്ച് വിശദീകരണം തേടി. കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം സമരാനുകൂലികള്‍ തടഞ്ഞതോടെ വാഹനം പൊലീസ് വഴിതിരിച്ചു വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ട് വിളിപ്പിച്ച മജിസ്ട്രേറ്റ് വിശദീകരണം തേടിയിട്ടുണ്ട്.
പ്രാവച്ചമ്പലത്ത് സ്വന്തം വാഹനത്തിലെത്തിയ റെയില്‍വേ ഉദ്യോഗസ്ഥനെ സമരമാനുകൂലികള്‍ തടഞ്ഞ് തിരിച്ചയച്ചു. ഇത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ തിരിച്ചയച്ചു. കാട്ടാക്കടയിലും വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. ഇതോടെ പ്രദേശത്ത് സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇവിടെ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
കോഴിക്കോട് മാവൂര്‍ റോഡില്‍ സമരക്കാര്‍ നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ ഇറക്കി വിടുകയും ചെയ്തു. കോഴിക്കോട് നടന്ന ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെഫറി ആയിരുന്ന സുജിതിനെയാണ് തടഞ്ഞത്.
പാലക്കാട് കിംഫ്രയില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു. മലപ്പുറത്ത് മഞ്ചേരിയിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. എടവണ്ണപ്പാറയില്‍ തുറന്ന കട പ്രതിഷേധക്കാരെത്തി അടപ്പിച്ചു. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് പ്രതിഷേധമുണ്ടായത്.
ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. നഗരഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കടകള്‍ തുറന്നത് അടപ്പിക്കുന്നുണ്ട്, ജോലിയെടുക്കാന്‍ വന്നവരെ തിരിച്ചയക്കുന്നുണ്ട്. എന്നാല്‍ മുംബൈയും ദില്ലിയും ബെംഗളൂരുവുമുള്‍പ്പെടെ രാജ്യത്തെ വന്‍ നഗരങ്ങളിലെല്ലാം ജനജീവിതം ഒരു തടസ്സവുമില്ലാതെ നീങ്ങുകയുമാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പണിമുടക്ക് പൂര്‍ണമാണ്. കോട്ടയത്ത് കെഎസ്ആര്‍ടിസി ഒരു സര്‍വീസും നടത്തുന്നില്ല. കടകളും തുറന്നില്ല. മെഡിക്കല്‍ കോളേജില്‍ എത്തുന്നവരുടെ എണ്ണത്തിലും കുറവാണ്. വാഹനങ്ങള്‍ ഓടുന്നുണ്ട്. പത്തനംതിട്ടയില്‍ നിരത്തുകളില്‍ വാഹനങ്ങള്‍ ഇല്ല. കച്ചവട സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല. കെഎസ്ആര്‍ടിസി ഒരു സര്‍വീസും നടത്തുന്നില്ല. ഇടുക്കിയിലും കെ എസ് ആര് ടി സി സര്‍വീസുകള്‍ ഒന്നും ഇല്ല. തോട്ടം തൊഴിലാളികളും പണിമുടക്കിലാണ്. കടകള്‍ ഒന്നും തുറന്നിട്ടില്ല. ഇരു ചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടുന്നത്.


