തിരുവനന്തപുരം: സ്വപ്ന ശിവശങ്കര കോഴ ഇടപാടുകളില്‍ മുഖ്യമന്ത്രിയെ സംശയ മുനയില്‍ നിര്‍ത്തിയുള്ള മാത്യൂ കുഴല്‍നാടന്റെ ചോദ്യങ്ങളാല്‍ നിയമസഭ ഇളകിമറിഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. 10 മിനിട്ടോളം സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടിയുമെത്തിയതോടെ സഭയില്‍ കണ്ടത് മുഖ്യമന്ത്രി-കുഴല്നാടന് വാക്പോര്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായും യുഎഇ കോണ്‍സുലേറ്റ് ജനറലുമായും മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ചൊല്ലിയായിരുന്നു മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എ മാത്യുക്കുഴല്നാടനും തമ്മില്‍ വാക്പോര്. ആരോപണം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. എന്നാല്‍ കോടതിയെ സമീപിക്കാനായിരുന്നു മാത്യൂ കുഴല്‍നാടന്റെ വെല്ലുവിളി. റിമാന്‍ഡ് റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാമെന്നും മാത്യു കുഴല്നാടന് പറഞ്ഞു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു
ലൈഫ് കോഴയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് ഉയര്‍ത്തിക്കാട്ടിയായിരുന്നു മാത്യു കുഴല്‍നാടന്റെ അടിയന്തിരപ്രമേയ നോട്ടീസ്. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലെ തെളിവുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം സ്ഥാപിക്കാനായിരുന്നു ശ്രമം. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ സ്വപ്നയും, യുഎഇ കോണ്‍സുലേറ്റ് ജനറലും കൂടിക്കാഴ്ച്ച നടത്തിയെന്ന എം ശിവശങ്കറിന്റെ വാട്സ് ആപ്പ് സന്ദേശവും, ഇത് പരാമര്‍ശിക്കുന്ന ഇഡി യുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും ആയുധമാക്കിയായിരുന്നു മാത്യുവിന്റെ ആരോപണങ്ങള്‍.
റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് നിലപാടെടുത്ത് മന്ത്രിമാര്‍തന്നെ പ്രതിഷേധമുയര്ത്തിയോടെ സഭ ബഹളത്തില്‍ മുങ്ങി. എന്നാല്‍ ബാര്‍ കോഴ കേസും, സോളാര്‍ കേസും സഭയില്‍ ചര്‍ച്ച ചെയ്തത് ഓര്‍മിപ്പിച്ചു കൊണ്ട് മന്ത്രിമാര്‍ക്ക് പ്രതിപക്ഷ നേതാവ് മറുപടി നല്കി. കോടതിയിലുള്ള വിഷയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഇത് സഭാ രേഖകളില്‍ നിന്ന് നീക്കുമെന്ന് വ്യക്തമാക്കി.


