തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വിളപ്പില്‍ശാല ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നാല് വയസുള്ള കുഞ്ഞിന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്നിട്ട് നടപടിയുണ്ടായിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു. വിളപ്പില്‍ശാല സംഭവത്തില്‍ രോഗിക്ക് സാധ്യമായ ചികിത്സ ഏറ്റവും വേഗത്തില്‍ നല്‍കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. യുഡിഎഫ് ഭരണകാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ മന്ത്രി പ്രതിപക്ഷത്തിന് സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്നതിനായുള്ള ഗൂഢ ലക്ഷ്യമാണെന്നും ആരോപിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനാല്‍ ജീവന് പൊലിഞ്ഞ സംഭവം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ‘ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജില്‍ നടക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നെഞ്ചുപൊട്ടി ഒരു ഡോക്ടര്‍ക്ക് പുറത്ത് പറയേണ്ടിവന്നു. നാല് വയസുള്ള കുഞ്ഞിന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്നിട്ട് നടപടിയുണ്ടായിട്ടുണ്ടോ? ഈ സര്‍ക്കാര്‍ ഇതൊക്കെ ചെയ്യേണ്ടതില്ലേ. അപ്പപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടതില്ലേ. തിരുവനന്തപുരത്ത് വേണുവിന് നീതി നിഷേധിക്കപ്പെട്ടു. കിളിമാനൂര്‍ രഞ്ജിതിന്റെ അവസ്ഥയെന്താണ്? ഒരുകാലത്ത് ആരോഗ്യകേരളം മുന്‍പന്തിയിലായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചാണ്. പല ജില്ലാ ആശുപത്രികളിലും അടിയന്തര ചികിത്സ പോലുമില്ല.’


