തിരുവനന്തപുരം: സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ് പി ചൈത്ര തെരേസക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡി ജി പിക്ക് കൈമാറും. എ ഡി ജി പി മനോജ് എബ്രഹാമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ടിൽ ചൈത്രക്കെതിരെ കടുത്ത ശുപാർശകളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. തിരുവനന്തപുരം ഡി സി പിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികള്‍ പാർട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നൽകിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്. ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിർദ്ദേശമനുസരിക്കായിരുന്നുവെന്നാണ് മറ്റുള്ളവരുടെ വിശദീകരണം. പത്തുമിനിറ്റിൽ താഴെ മാത്രമാണ് മേട്ടുകടയിലുള്ള പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള വിശദീകരണം.

