കൊച്ചി: ഹാല് സിനിമയിലെ രംഗങ്ങള്‍ നീക്കേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ കത്തോലിക്ക കോൺഗ്രസിന്റെ അപ്പീലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നത്.
സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നതെന്നും മിശ്രവിവാഹം സിനിമയിലല്ലേയെന്നും കത്തോലിക്കാ കോൺഗ്രസിനോട് ഹൈക്കോടതി ചോദിച്ചു. സിനിമ കാണാതെ അഭിപ്രായം പറയരുത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിങ്ങൾക്ക് എതിരല്ലല്ലോയെന്നും ഹൈക്കോടതി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസിന്റെ അപ്പീൽ ഉത്തരവിനായി മാറ്റി.പ്രദർശനാനുമതി നിഷേധിച്ചതിൽ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹരജിയിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയ കോടതി, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
ചില രംഗങ്ങൾ മാറ്റി വീണ്ടും സെൻസർ ബോർഡിന് അപേക്ഷ നൽകാനും നിർമാതാക്കളോട് കോടതി നിർദേശിക്കുകയായിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായകൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഏത് സർട്ടിഫിക്കറ്റ് നൽകണമെന്ന അധികാരം സെൻസർ ബോർഡിൽ നിക്ഷിപ്തമാണെങ്കിലും ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല എന്നാണ് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കിയത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.


