കൊല്ലം: വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസുകളില്‍ കൊല്ലത്തെ സ്കൂളുകളില്‍ അപകടകരമായ അഭ്യാസ പ്രകടനം. സ്കൂൾ വളപ്പിൽ ടൂറിസ്റ്റ് ബസുകള്‍ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലും കൊല്ലം അഞ്ചൽ സ്കൂളിലുമാണ് ടൂറിസ്റ്റ് ബസുകളിലെ അഭ്യാസ പ്രകടനം അരങ്ങേറിയത്. വിദ്യാധിരാജ സ്കൂളില്‍ നിന്നുള്ള വാര്‍ത്തയ്ക്ക് പിന്നാലെയാണ് അഞ്ചല്‍ സ്കൂളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്.
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളില്‍ വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തിയായിരുന്നു അഭ്യാസ പ്രകടനമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷമാണ് വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ വൈകിട്ട് നടന്ന അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിദ്യാർത്ഥികളെ മൈതാനത്തിന്റെ മധ്യഭാഗത്തു നിർത്തി രണ്ടു വാഹനങ്ങൾ അമിതവേഗത്തിൽ കറങ്ങുന്നതും കാണാം. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ ഇടപെട്ട് ആണ് ടൂർ പാക്കേജുകൾ നിശ്ചയിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾ എന്നുമാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.