തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു.
കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുമാണ്. രണ്ടു ബൈക്കുകൾ കണ്ടൈനർ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് തമിഴ് നാട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായായിരുന്നു. ഇതിനിടയിൽ ഉണ്ടായ സംഘര്ഷത്തിനിടയിലാണ് പൊലീസ് സ്വയരക്ഷക്കായി വെടിയുതിർത്തത്.
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.