പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അതിക്രമങ്ങളില്‍ നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. അഞ്ച് കോടി ആറ് ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഈ തുക ഈടാക്കി കിട്ടണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.
ഏത് ഹര്‍ത്താല്‍ നടന്നാലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് അതിക്രമമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇതുവരെ കോര്പറേഷന് തന്നെയാണ് നഷ്ടം പരിഹരിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കോര്പറേഷന് സ്വന്തം നിലയില്‍ നഷ്ടം പരിഹരിക്കാന്‍ സാധിക്കില്ല.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ പൊതുജനങ്ങളില്‍ അതീവ ഭയമുണ്ടാക്കുന്ന അക്രമങ്ങളാണ് അരങ്ങേറിയത്. 58 ബസുകള്‍ തകര്‍ത്തു. സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തത് കാരണമുണ്ടായ നഷ്ടം അടക്കം 50621382 രൂപ ഈടാക്കി കിട്ടണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് തുക ഈടാക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. ചീഫ് സെക്രട്ടറിയോടും, ആഭ്യന്തര സെക്രട്ടറിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടം സംബന്ധിച്ച കണക്കുകള്‍ കെഎസ്ആര്‍ടിസി ഹൈക്കോടതിക്ക് കൈമാറിയത്.


