പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം കരാറുകാരനായ ആര്‍ഡിഎസ് പ്രൊജക്ടില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി. കോടതി വഴി ഇതിനുള്ള നടപടികള്‍ തുടങ്ങും. നേരത്തെ തന്നെ ഇതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും കോടതി വിധിയെ തുടര്‍ന്ന് ഇതില്‍ തടസം നേരിടുകയായിരുന്നു. ഇപ്പോള്‍ സുപ്രിംകോടതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തതോടെ നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 47.7 കോടി രൂപയ്ക്കാണ് പാലാരിവട്ടം മേല്‍പാലം നിര്‍മിച്ചത്. സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി ഊ തുകയില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.
കിറ്റ്കോയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. പാലം നിര്‍മാണത്തിന് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്റെ സഹായവും ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാലം ഗതാഗത യോഗ്യമല്ലാതായതോടെ സര്‍ക്കാറിന് വലിയ തോതിലുളള സാമ്പത്തിക നഷ്ടമുണ്ടായി. ഈ സാമ്പത്തിക നഷ്ടം കരാറുകാരനില്‍ നിന്ന് തിരിച്ചു പിടിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, പാലത്തിന്റെ പുനര്‍നിര്‍മാണം ഒരാഴ്ചക്കുള്ളില്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്ത ഇ. ശ്രീധരനുമായി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
നിലവിലുള്ള പാലം രൂപ കല്പന ചെയ്തത് കിറ്റ്കോയാണ്. ഇതിലാണ് ഏറ്റവും കൂടുതല്‍ പാളിച്ചയുണ്ടായതെന്ന് വിജിലന്‍സും ഇ. ശ്രീധരനും ഐഐടിയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കിറ്റ്കോയെ കരിമ്പട്ടികയില്‍പെടുത്തിയിരുന്നു. ഇതിനു പുറമേ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ സര്‍ക്കാറിനെതിരെ ഏറ്റവും കൂടുതല്‍ വാദം ഉന്നയിച്ചത് കിറ്റ്കോയാണ്. അതുകൊണ്ട് തന്നെ കിറ്റ്കോയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ കരാറുകള്‍ ഒന്നും കിറ്റ്കോയ്ക്ക് നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


