തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായതിന്റെ അടിസ്ഥാനത്തില്‍ നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വടകരയില്‍ 10 , കോന്നിയില്‍ 7, ആലപ്പുഴയിലും നെടുമ്ബശേരിയിലും ആറ് സെന്റിമീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കും. ഒറ്റപ്പെട്ട കനത്തമഴക്കും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
മലയോര മേഖലയില്‍ താമസിക്കുന്നവരും ജലാശയങ്ങളുടെ തീരത്തുള്ളവരും ശ്രദ്ധിക്കണം. തീരത്ത് കടല്‍ പ്രക്ഷുബ്ധമാണെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. വരുന്ന മൂന്ന് ദിവസം കൂടി കാലവര്‍ഷം സജീവമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ലഭിക്കേണ്ടതിനെക്കാള്‍ 13 ശതമാനം അധികം മഴകിട്ടിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. 2003 മില്ലീ മീറ്റര്‍ കിട്ടേണ്ട കാലയളവില്‍ 2263 മില്ലീമീറ്റര്‍ മഴ പെയ്തു. ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാട് ജില്ലയിലാണ് 41 ശതമാനം അധികം.
കോഴിക്കോട് 36, കണ്ണൂരും മലപ്പുറത്തും 20 ശതമാനം വീതവും മഴ അധികമാണ്. വയനടും ഇടുക്കിയിലും ഒഴികെ എല്ലാ ജില്ലകളിലും അധികം മഴലഭിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 10 ശതമാനം, വയനാട് 5 ശതമാനം മഴ കുറവാണ്. സാധാരണ സെപ്തംബര്‍ അവസാനത്തോടെ കാലവര്‍ഷം പിന്വാങ്ങേണ്ടതാണെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ മഴ തുടരുകയാണ്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.


