അർജുനെ കണ്ടെത്താനുള്ള ഷിരൂരിലെ 11-ാം ദിവസത്തിലെ തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സിഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. അർജുന്റെ ട്രക്ക് തന്നെയെന്നാണ് നിഗമനം. നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചത്.
ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ഇപ്പോഴും രക്ഷാദൗത്യത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സിൽ കൂടുതലെന്ന് നാവികസേന അറിയിച്ചു. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാത്തത്. ഇപ്പോഴിറങ്ങുന്നത് ഡൈവർമാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്.


