അഞ്ചലില്‍ പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ പോലീസിന് കൈമാറി. ഉത്രയുടെ മരണശേഷം കുഞ്ഞിനെ സൂരജ് തന്റെ വീട്ടിലോട്ട് കൊണ്ടുപോയിരുന്നു. അടുരിലെ സൂരജിന്റെ വീട്ടിലെത്തിയാണ് അഞ്ചല്‍ പോലീസ് കുട്ടിയെ വാങ്ങിയത്. സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ അറിയിച്ചിരുന്നു. അടൂര്‍ പൊലീസിന്റെ ആവശ്യപ്രകാരം അഞ്ചല്‍ പൊലീസ് സൂരജിന്റെ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞവിടെ ഇല്ലായിരുന്നു.
ബന്ധുവീട്ടിലായിരുന്ന സൂരജിന്റെ കുട്ടിയെ സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചത്. കുട്ടിയെ ഒളിപ്പിച്ചു വെച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുട്ടിയെ തിരികെ കൊണ്ടു വന്നത്. പിന്നാലെ വനിതാ പൊലീസ് എത്തി കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. കുട്ടിയെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് ഉടന്‍ വിട്ടുനല്‍കും.


