ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കും. അരൂരിൽ ദലീമ അല്ലെങ്കിൽ ജില്ലാ സെക്രട്ടറി ആർ നാസറാണ് പരിഗണനയിലുള്ളത്. കായംകുളത്ത് നിലവിലെ എംഎൽഎയായ യു പ്രതിഭ മാറിയേക്കും. കായംകുളത്ത് ബാബു ജാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അമ്പലപ്പുഴയിൽ എച്ച് സലാം, ആലപ്പുഴ ചിത്തരഞ്ചൻ എന്നിവരെയാണ് പരിഗണിക്കുന്നത്.
ഉറച്ച സീറ്റിൽ ടേം വ്യവസ്ഥ പാലിച്ചും മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കിയും ഒരാഴ്ചക്കകം സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ ഒരുങ്ങുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നാല് പേരൊഴികെ ബാക്കിയെല്ലാവരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ നടക്കുന്നത്. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇപി ജയരാജൻ പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ എന്നിവരൊഴികെ ബാക്കിയെല്ലാവരും സാധ്യതയുള്ളവരെന്ന് വിലയിരുത്തി തന്നെയാണ് ചർച്ചകൾ. കുറ്റാടി പേരാമ്പ്ര സീറ്റുകൾ സംബന്ധിച്ച് ഉഭയകക്ഷി ധാരണയാകുന്ന മുറയ്ക്ക് ടിപി രാമകൃഷ്ണൻ മത്സരിക്കുമോ എന്ന കാര്യത്തിലും ധാരണയുണ്ടാക്കും. എംഎൽഎമാരിൽ ഭൂരിഭാഗവും മത്സരത്തിന് ഉണ്ടാകും. തൃക്കരിപ്പൂരിൽ എം രാജഗോപാലിന് പകരം വിപിപി മുസ്തഫ വന്നേക്കും.
അതേസമയം, ഫണ്ട് വിവാദത്തിൽ ആരോപണ വിധേയനായ ടി ഐ മധുസൂദനനെ പയ്യന്നൂരിൽ വീണ്ടും മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്, മുൻമന്ത്രി കെ കെ ശൈലജക്കും സ്പീക്കർ എ എൻ ഷംസീറിനും വീണ്ടും സീറ്റ് നൽകിയേക്കില്ല. തളിപ്പറമ്പിൽ എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള സ്ഥാനാർത്ഥിയായേക്കും. എം വി ജയരാജൻ, പി ജയരാജൻ, എം വി നികേഷ് കുമാർ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ച സ്ഥാനാർത്ഥി പട്ടികയിൽ ഇല്ല.


