തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിൽ സിപിഎം സ്വീകരിക്കുന്ന നിലപാടിൽ ആകാംക്ഷ. പാർട്ടിയുടെ അവാർഡ് നിരസിക്കുന്ന പതിവ് രീതി തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്നലെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ അവാർഡിൽ സന്തോഷമുണ്ടെന്നാണ് കുടുംബം പ്രതികരിച്ചത്. എന്നാൽ മരണാനന്തര ബഹുമതി ആയതിനാൽ പാർട്ടി മുൻ നിലപാട് തിരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വിഎസിനും മമ്മൂട്ടിക്കുമുൾപ്പെടെ 8 മലയാളികൾക്കാണ് പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്
സിപിഎമ്മോ വിഎസിന്റെ കുടുംബമോ പുരസ്കാരം സ്വീകരിക്കില്ലെന്ന ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. അവാർഡുകൾ നിരസിക്കുന്നതായിരുന്നു സിപിഎമ്മിന്റെ മുൻകാല നിലപാടുകൾ. നരസിംഹറാവു സർക്കാരിന്റെ കാലത്താണ് രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് പത്മവിഭൂഷൺ നൽകിയത്. എന്നാൽ പാർട്ടിയും ഇഎംഎസും പുരസ്കാരം നിരസിച്ചു. 1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്നം നൽകാൻ ആലോചന ഉണ്ടായി. പുരസ്കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചിരുന്നു. ബസുവും പാർട്ടിയും പുരസ്കാരം സ്വീകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചു. അതിനാൽ പ്രഖ്യാപനം ഉണ്ടായില്ല. ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചന ഉണ്ടായി. സ്വീകരിക്കില്ല എന്ന നിലപാട് അദ്ദേഹവും പാർട്ടിയും സ്വീകരിച്ചു.
2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകി. പുരസ്കാരം നിരസിച്ച് അദ്ദേഹവും പാർട്ടിയും നിലപാടെടുത്തു. പുരസ്കാരങ്ങൾക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനമെന്നും ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ല എന്നിങ്ങനെ രണ്ടു കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് ഈ നിരസിക്കലുകൾക്കെല്ലാം പാർട്ടി നടത്തിയത്.


