പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ സിപിഎം എന്തു നിലപാടാണ് സ്വീകരിക്കുക എന്നതായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായത്. മുമ്പ് ഇഎംഎസ്സും ബുദ്ധദേവും തിരസ്കരിച്ച പത്മ പുരസ്കാരം വി.എസിന് മരണാന്തര ബഹുമതിയായി നല്കുമ്പോള്, ഭരണകൂടം നല്കുന്ന പുരസ്കാരങ്ങള്‍ സ്വീകരിക്കേണ്ടതില്ല എന്ന മുന്‍ നിലപാടില്‍ സിപിഎം ഉറച്ചുനില്ക്കുമോയെന്നതായിരുന്നു കാത്തിരുന്നത്. എന്നാല്‍, പുരസ്കാരം സ്വീകരിക്കുമെന്നും വിഎസ്സിന്റെ കുടുംബത്തിന്റെ താല്പര്യങ്ങള്ക്കൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം.
സിപിഎമ്മിൻ്റെ നിരവധി നേതാക്കള്‍ക്ക് നേരത്തെ പത്മ പുരസ്കാരം നിരസിച്ച ചരിത്രമുണ്ട്. 2022ല്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പുരസ്കാരം നിരസിച്ചു. ബുദ്ധദേവ് പത്മഭൂഷണ്‍ നിരസിക്കുന്നതായി അന്ന് സിപിഎമ്മാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് സിപിഎം നേതാക്കളുടെ പ്രവര്‍ത്തനമെന്നും ഭരണകൂടത്തിന്റെ ഇത്തരം പുരസ്കാരങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാടെന്നുമാണ് അന്ന് ചൂണ്ടിക്കാട്ടിയത്.
1992ല്‍ മുന്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന് പി.വി നരസിംഹറാവു സര്‍ക്കാര്‍ പത്മവിഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇഎംഎസ് പുരസ്കാരം നിരസിച്ചു. പിന്നീട്, ഐക്യമുന്നണി സര്‍ക്കാറിന്റെ കാലത്ത് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതിബസുവിനും സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനും പത്മപുരസ്കാരം നല്‍കാനുള്ള ആലോചനയുണ്ടായിരുന്നു. എന്നാല്‍, ഇരുവരും സ്വീകരിക്കില്ലെന്ന നിലപാടെടുത്തതിനാല്‍ പുരസ്കാരം പ്രഖ്യാപിച്ചില്ല.


