പാലക്കാട് : കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനിൽ, വിനീഷ്, സുഹൃത്തുക്കളായ അമൽ, സുജിത്ത് എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നും സംഘത്തെ തിരിച്ചറിഞ്ഞതായും ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.
രാവിലെ കണ്ണന്നൂർ ജംങ്ഷനിൽ വച്ചാണ് കാറിലെത്തിയ അഞ്ചംഗ സംഘം നാലുപേരെയും ആക്രമിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കമുണ്ടാവുകയും പിന്നാലെ ആക്രമണം നടത്തുകയുമായിരുന്നു. കമ്പിവടിയും വാളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിനീഷിന് കൈപ്പത്തിയിലാണ് വെട്ടേറ്റത്. വാളുകൊണ്ട് വീശിയപ്പോള്‍ റെനിലിന് മുതുകിലാണ് മുറിവേറ്റത്. സുജിത്തിന് വയറിലും മുറിവുണ്ട്. അമലിന് കൈയ്യിലും പരുക്കുണ്ട്. നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ സുജിത്ത് അമ്പാട് സ്വദേശിയിൽ നിന്നും നേരത്തെ പണം വായ്പയ്ക്ക് വാങ്ങിയിരുന്നു. രണ്ട് ഗഡു മുടങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വിനീഷിന്റെ നേതൃത്വത്തിൽ സംസാരിച്ച് പ്രശ്നം പരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ അഞ്ചു പേരെയും തിരിച്ചറിഞ്ഞതായി പാലക്കാട് എ എസ്പി എ. ഷാഹുൽ ഹമീദ് അറിയിച്ചു. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സ്ഥലത്ത് കൂടുതൽ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.


