നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്ത് സ്വർണം പിടിച്ചത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന നിലയിലാണ് ചിലരുടെ പ്രചരണം. ഇതൊക്കെ നടന്നോട്ടെ എന്ന് ഏജൻസികൾ കരുതണമെന്നാണോയെന്ന് അൻവറിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂർ വിമാനത്താവളം വഴി വലിയതോതിൽ സ്വർണ്ണം, ഹവാല പണം എല്ലാം എത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സ്വാഭാവികമായും ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് തടയുമ്പോൾ എന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നത്? മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാർ ആയിരുന്നു.അന്ന് ആ പ്രചരണത്തോടൊപ്പം കോൺഗ്രസും നിന്നിരുന്നു.മലപ്പുറത്തെ ഒരു കുറ്റ കൃത്യം മറ്റ് ഏതൊരു ജില്ലയിലെയും പോലെ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരു കുറ്റകൃത്യമുണ്ടായാൽ ഏതെങ്കിലും സമുദായത്തിൻ്റെ കുറ്റ കൃത്യമായല്ല അതിനെ കാണേണ്ടത്. ഏതെങ്കിലും ഒരു സമുദായത്തിൻ്റെ പെടലിക്ക് ആ കുറ്റകൃത്യത്തിൻ്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കുന്ന നിലപാട് സർക്കാരിനില്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം. എൽഡിഎഫ് 2016 ൽ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയപാത വികസനം സാധ്യമാകുമായിരുന്നോ എന്നും അദ്ദേഹം.


