പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായി 9 മാസത്തിനുശേഷമാണ് ഹൈക്കോടതി വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനാറിനാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങിയ ഡിവിഷന് ബഞ്ച് കേസില്‍ വിധി പറഞ്ഞിരുന്നില്ല.
ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്നലെ പുതിയ ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്.


