സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷയ്ക്ക് പങ്കുണ്ടെന്ന് സ്വപ്ന. നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും ഒരു കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെയ്ക്ക് 1,000 ഡോളര്‍ വീതം പ്രതിഫലം നല്‍കിയെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്കി. മുന്‍പ്, ഹൈക്കോടതിയില്‍ നല്കിയ ജാമ്യ ഹര്‍ജിയിലും അറ്റാഷെയുടെ നിര്‍ദേശ പ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ താന്‍ പ്രവര്‍ത്തിച്ചതെന്ന് സ്വപ്ന പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തിന് അറ്റാഷെയ്ക്ക് കൃത്യമായി വിഹിതം നല്‍കിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് സൗഹൃദ ബന്ധം മാത്രമേയുള്ളുവെന്നും കസ്റ്റംസിന് സ്വപ്ന മൊഴി നല്കി. അതേസമയം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സ്വപ്ന നല്‍കിയിട്ടില്ല. തിങ്കളാഴ്ച്ച ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നതിനാല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിവാകുമെന്നാണ് കരുതുന്നത്.