കൊച്ചുവേളി ഇൻഡസ്ട്രി മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. പവർ പാക്ക് പോളിമേഴ്സ് എന്ന കമ്പനിയിലാണ് വലിയ തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.50ഓടെയാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കൂനയായതിനാൽ തീ അതിവേഗം പടരുകയായിരുന്നു ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.25 ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
രക്ഷാപ്രവർത്തതിന് കടുത്ത വെല്ലുവിളികളാണ് ഇവിടെ നേരിടുന്നത്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത് ഫയർഫോഴ്സിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് . പ്രദേശത്താകെ കറുത്ത പുക ഉയർന്നിരിക്കുകയാണ്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. കൊച്ചുവേളി, ചാക്ക, ചെങ്കൽച്ചൂള, ആറ്റിങ്ങൽ, കോവളം, ഹൗസിംഗ് ബോർഡ് മുതലായ ഇടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തുകയായിരുന്നു.ഗോഡൗണിന്റെ മേൽക്കൂര ഉൾപ്പെടെ താഴേയ്ക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയർഫോഴ്സ് തുടക്കത്തിലേ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പുറത്തുനിന്നാണ് വെള്ളം കെട്ടിടത്തിലേക്ക് പമ്പ് ചെയ്യുന്നത്. ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും ഫയർഫോഴ്സ് നടത്തി വരുന്നുണ്ട്.