തിരുവനന്തപുരം: ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം. ദുബായിൽ നിർണായക ചർച്ചകൾ എന്ന സൂചന പുറത്ത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. നിര്‍ണായകമായ വിവരമാണ് വിശ്വസനീയമായ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. മഹാപഞ്ചായത്തിലെ അവഗണനയിൽ തരൂര്‍ അതൃപ്തിയിലാണ്. ഇന്ന് രാവിലെയാണ് ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചത്. ഇന്ന് വൈകിട്ടോട് കൂടി മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായിയും ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും എന്നുള്ള വിവരമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തിൽ തരൂര്‍ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ച സാഹചര്യത്തിലാണ് സിപിഎമ്മിൽ നിന്നും ഇത്തരത്തിലുള്ള നീക്കം നടക്കുന്നുവെന്നതിന്റെ സൂചന.
മഹാപഞ്ചായത്തിലെ അപമാനഭാരത്തില്‍ പാര്‍ട്ടിയോടകന്നു നില്ക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം തുടങ്ങിയിരിക്കുകയാണ്. പിണക്കം മാറ്റാന്‍ രാഹുല്‍ ഗാന്ധി തന്നെ തരൂരിനോട് സംസാരിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു. തരൂരിനെ കോണ്‍ഗ്രസ് അകറ്റി നിര്‍ത്തില്ലെന്നും തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ റിസ്ക് എടുക്കാന്‍ പാര്‍ട്ടിയില്ലെന്നും ഉള്ള നിലപാടിലാണ് നേതൃത്വം.
മഹാപഞ്ചായത്ത് വേദിയിലുണ്ടായ മോശം അനുഭവത്തില്‍ പിണങ്ങി നില്ക്കുന്ന തരൂരിനോട് രാഹുല്‍ ഗാന്ധി തന്നെ സംസാരിച്ച് മുറിവുണക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നേതാക്കള്‍ സംസാരിക്കുമെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്കുന്ന സൂചന. വരുന്ന ബുധനാഴ്ചയോ വ്യാഴാഴ്ചയോ കൂടിക്കാഴ്ട നടന്നേക്കുമെന്ന സൂചനയും പറത്തുവരുന്നുണ്ട്. തരൂരിനെ കാണാനുള്ള താല്പര്യം രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് വിവരം. എന്നാല്‍ തരൂര്‍ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാന നേതാക്കളുടെയും എഐസിസി നേതാക്കളുടെയും അനുനയത്തിന് വഴങ്ങാത്ത തരൂരിനോട് രാഹുല്‍ ഗാന്ധി തന്നെ സംസാരിക്കണമെന്നാണ് പൊതു വികാരം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ തരൂരിനെ പിണക്കി നിര്‍ത്തിയാല്‍ യുവാക്കളിലും, പ്രൊഫഷണലുകളിലും മധ്യവര്‍ഗത്തിലുമൊക്കെ അതൃപ്തിക്കിടയാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.


