കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലുൾപ്പെടെ അന്വേഷണസംഘം വീഴ്ച വരുത്തിയെന്നാണ് നർക്കോട്ടിക് എ സി പി, ഉത്തരമേഖലാ ഐജിക്ക് നൽകിയറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നടക്കാവ് സ്റ്റേഷനിലെ നാലു പൊലീസുകാർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
നടക്കാവ് പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച് പി. കെ ജിജീഷ് ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. റിയല്‍എസ്റ്റേറ്റ് വ്യാപാരിയായ ആട്ടുര്‍ മുഹമ്മദെന്ന മാമിയുടെ തിരോധാന കേസ് ആദ്യമന്വേഷിച്ച നടക്കാവ് പൊലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് എഡിജിപി നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും പ്രാഥമിക തെളിവു ശേഖരണത്തിലും വീഴ്ചയുണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ട്.
കോഴിക്കോട് നാർക്കോട്ടിക് എസിപിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നടക്കാവ് മുൻ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹൻ,സീനിയർ സി പി ഓമാരായ കെ കെ ബിജു, ശ്രീകാന്ത് എന്നിവർക്ക് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് അസിസ്റ്റൻറ് കമ്മീഷണർ ഐജിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. മാമിയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുന്നതിലും പിഴവുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് തുടരന്വേഷണത്തിന് തിരിച്ചടി ആയെന്നും റിപ്പോർട്ടിലുണ്ട്.


