തിരുവനന്തപുരം: പിഎം ശ്രീ പദ്ധതില്‍ ഒപ്പിട്ടതടക്കമുള്ള നിജസ്ഥിതി അറിയാന്‍ ചീഫ് സെക്രട്ടറിയുമായി സംസാരിക്കുമെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നോടിയായാണ് വിവരശേഖരണം. ഒപ്പുവെച്ച വിവരം പാര്‍ട്ടി മന്ത്രിമാരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദ്ധതിയില്‍ ഒപ്പു വെച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ എല്‍ഡിഎഫില്‍ വലിയ തര്‍ക്കമാണ് ഉണ്ടായിരിക്കുന്നത്.
വിരുദ്ധാഭിപ്രായവുമായി സിപിഐ സിപിഐഎം നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. സിപിഐയുടെ ശക്തമായ എതിര്‍പ്പിനെ ഗൗനിക്കാതെ രണ്ടും കല്‍പ്പിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള ധാരണ പത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്.
പിഎം ശ്രീയില്‍ ചേരാനുള്ള നീക്കം സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും നയപരമായ മാറ്റത്തിലേക്ക് കേരളാ സര്‍ക്കാരും സിപിഐഎമ്മും നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. കേന്ദ്രത്തില്‍ നിന്ന് 1466 കോടി രൂപ ലഭിക്കാനുണ്ട്. ആ പണം എന്തിനാണ് കളയുന്നത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം. പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ പദ്ധതി, പിഎം ശ്രീയില്‍ ഒപ്പുവെച്ചതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് സിപിഐ തീരുമാനം.


