സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ഭിന്നത. വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്തെത്തിയതിന് പിന്നാലെ ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് എഐസിസി അംഗം കെ.സി വേണുഗോപാല്‍. ഗവര്‍ണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തില്‍ ഇന്നലെ മുസ്ലിംലീഗും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.
ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് കെ.സി വേണുഗോപാല്‍. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ അതിനെ ചോദ്യം ചെയ്യേണ്ടതാണെന്ന കൃത്യമായ നിലപാടാണ് അദ്ദേഹം ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടിന് തീര്‍ത്തും വിരുദ്ധമാണിത്.
ചെയ്ത തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നു. ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നുതന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ എ.പി.ജെ അബ്ദുല്‍ കലാം സര്‍വ്വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മറ്റ് ഒമ്പത് സര്‍വ്വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവര്‍ണ്ണറുടെ നടപടി അതിരുകടന്നതാണെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട വിഷയത്തില്‍ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ് നടക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കും. വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് അതിരൂക്ഷമാകുകയാണ്.


